Banner Top

Log in
updated 12:00 AM UTC, Oct 21, 2017
HEADLINES

മണ്ണാറത്തൊടി ജയകൃഷ്ണന്‍ എന്ന പെരുവല്ലൂര്‍ ഉണ്ണീമേനോന്‍

 

 

പെരുവല്ലൂര്‍ ഉണ്ണിമേനോന്‍ എന്നുപരഞാല്‍ ആരും ആളെ അറിയണമെന്നില്ല , എന്നാല്‍ മണ്ണാറത്തൊടി ജയക്രിഷ്ണനെ അറിയാത്ത മലയാളികള്‍ ചുരുക്കമാണു . ജീവിതത്തെ ആഘോഷമാക്കിയ മണ്ണാറത്തൊടി ജയകൃഷ്‌ണന്‍, ഉദകപ്പോളയിലൂടെയും തൂവാനത്തുമ്പികളിലൂടെയും അനശ്വരമായ ഒരു കഥാപാത്രം. ജയകൃഷ്‌ണന്‍ ഒരു സ്‌മാരകമാണ്‌. മരണത്തിനപ്പുറമാണ്‌ ഒരു സ്‌മാരകമുയരുകയെങ്കില്‍ ഇവിടെ ജയകൃഷ്‌ണന്‍ ഇന്നും ജീവിക്കുന്ന ഒരാളുടെ സ്‌മാരകമാണ്‌, പുതിയേടത്ത്‌ ഉണ്ണിമേനോന്റെ.

പുതിയേടത്ത്‌ ഉണ്ണിമേനോന്‍, വി.കെ.എന്നിന്റെയും ബഷീറിന്റെയും വിളിയില്‍ ഉ. മേനോന്‍, സാഹിത്യകാരന്മാരെ സാഹിത്യംകൊണ്ടും മദ്യപന്മാരെ മദ്യം കൊണ്ടും സത്‌കരിക്കുകയും സൗഹൃദത്തിലാക്കുകയും ചെയ്‌ത ഉണ്ണിമേനോന്‍. ജീവിതത്തെ അര്‍മാദഘോഷമാക്കിയ മണ്ണാറത്തൊടി ജയകൃഷ്‌ണന്റെ നേര്‍സാക്ഷ്യം.

പത്മരാജന്റെ മുന്നിലും മനസിലും നിറഞ്ഞ മഴപ്പെയ്‌തായിരുന്നു ഉണ്ണിമേനോന്‍. ഓരോ മഴ പെയ്യുമ്പോഴും അവ്യക്തചിത്രമായി ജയകൃഷ്‌ണനുമുന്നില്‍ ക്ലാര തെളിയുന്നതുപോലെ ഓരോ കഥയെഴുത്തിലും ഉദകപ്പോളയ്‌ക്കുമുമ്പേ പത്മരാജനുമുന്നില്‍ പുതിയേടത്ത്‌ ഉണ്ണിമേനോന്‍ തെളിഞ്ഞിട്ടുണ്ടാകണം. ഉണ്ണിമേനോനോടൊപ്പമുള്ള ഓരോ നിമിഷങ്ങളെയും ഓര്‍ത്തെടുത്തിട്ടുണ്ടാകണം. അത്രത്തോളം സൂക്ഷ്‌മമായി ഉണ്ണിമേനോനെയും സൗഹൃദങ്ങളെയും പത്മരാജന്‍ നിരീക്ഷിച്ചുറപ്പിച്ചിട്ടുണ്ടായിരുന്നു. ``നുമ്മക്ക്‌ ഓരോ നാരങ്ങാവെള്ളം കാച്ചിയാലാ?'' എന്നൊരു സ്‌നേഹക്ഷണത്തിലൂടെ ഉണ്ണിമേനോന്‍ കഥയെഴുത്തിലെ ലഹരിയിലേക്ക്‌ പത്മരാജനെ നയിച്ചു. അങ്ങനെയാണ്‌ ഉദകപ്പോളയിലൂടെയും തൂവാനത്തുമ്പികളിലൂടെയും, ജീവിച്ചിരിക്കുന്ന, ഉണ്ണിമേനോന്‌ പത്മരാജന്‍ ഒരു സ്‌നേഹസ്‌മാരകമൊരുക്കിയത്‌.

തൂവാനത്തുമ്പികളിലെ മണ്ണാറത്തൊടി ജയകൃഷ്‌ണന്‍, അഭ്രപാളിയില്‍ തീര്‍ത്ത അര്‍മാദിപ്പുകളും സൗഹൃദാഘോഷങ്ങളും പുതിയേടത്ത്‌ ഉണ്ണിമേനോന്റെ ഏതാനും ചില `വിലസലുകള്‍' മാത്രമേ ആകുന്നുള്ളു. ഒറ്റ സ്‌നാപ്പില്‍ ഒതുക്കാനാവാത്തത്‌ എന്ന്‌ പറയുന്നതുപോലെ ഒരു സിനിമയില്‍ ഒതുക്കാനാവില്ല പുതിയേടത്ത്‌ ഉണ്ണിമേനോന്റെ ജീവിതത്തിന്റെ ആദ്യകാലങ്ങള്‍ പോലും.

പെരുവല്ലൂരിലെ അഭിഭാഷകന്‍ കുഞ്ഞനുണ്ണി പണിക്കരുടെയും പത്മാവതിഅമ്മയുടെയും ആദ്യമകന്‍ നാലാം വയസില്‍ കുളിക്കാന്‍ വെച്ച ചൂടുവെള്ളത്തില്‍ വീണ്‌ മരണപ്പെട്ടപ്പോള്‍ എല്ലാ സ്‌നേഹവും ലാളനയും നല്‍കിയാണ്‌ രണ്ടാമത്തെ മകന്‍ ഉണ്ണിമേനോനെ വളര്‍ത്തിയത്‌. പേരും പ്രശസ്‌തിയുമുള്ള തറവാട്ടില്‍ പുതിയേടത്ത്‌ ഉണ്ണിമേനോന്‍ രാജകുമാരനെപ്പോലെത്തന്നെ വളര്‍ന്നു. രാവിലെ സ്‌കൂളിലേക്കു പോകുമ്പോള്‍ പിന്നാലെ ബാഗും തൂക്കി ആളുകള്‍, ഉച്ചയൂണിന്‌ ഹോട്ടലില്‍ ഒരു ബെഞ്ചില്‍ ഒറ്റയ്‌ക്കൊരു ഇരിപ്പിടം ഇങ്ങനെ സമ്പന്നമായ സാഹചര്യം. എങ്കിലും സാഹചര്യങ്ങള്‍ക്കപ്പുറത്ത്‌ അനുഭവങ്ങള്‍ പാഠപുസ്‌തകങ്ങളാക്കിയായിരുന്നു ഉണ്ണിമേനോന്റെ പഠനം.

പഠനങ്ങളെക്കാള്‍ അലച്ചില്‍ കൂടുതലായപ്പോള്‍ വികൃതി എന്നു പേരിട്ട്‌ സ്‌കൂളില്‍ അധ്യാപകര്‍ തോല്‍പ്പിച്ചു. തോറ്റ വിഷയങ്ങളുടെ പ്രോഗ്രസ്‌ കാര്‍ഡുമായി വീട്ടിലേക്കെത്തുമ്പോള്‍ ഉണ്ണിമേനോന്‌ കിട്ടുന്ന തല്ലിനെക്കുറിച്ച്‌ അധ്യാപകര്‍ ഓര്‍ത്തു ചിരിച്ചുകാണണം. തൃപ്‌തികരമല്ല എന്ന പ്രോഗ്രസ്‌ കാര്‍ഡില്‍ കോടതിയിലേക്ക്‌ ഇറങ്ങാന്‍ നേരത്ത്‌ അച്ഛനെക്കൊണ്ട്‌ ഒപ്പിടുവിച്ച്‌ അധ്യാപകരുടെ മുഖത്തേക്ക്‌ വലിച്ചെറിഞ്ഞ്‌ നിന്നു. പ്രതികാരമായി രണ്ടുവര്‍ഷത്തോളം അധ്യാപകര്‍ തോല്‍പ്പിക്കുകയും ചെയ്‌തു.

അന്നേ പത്തന്‍സിലെ മസാലദോശയും റോസ്‌മില്‍ക്കുമായിരുന്നു ഉണ്ണിമേനോന്റെ മറ്റൊരു കമ്പം. കൈയ്യില്‍ കാശ്‌ കിട്ടിയാല്‍ പത്തന്‍സിലേക്ക്‌ പോകും, കൂട്ടത്തില്‍ ഏതെങ്കില്‍ അര്‍ദ്ധപഷ്‌ണിക്കാരനുമുണ്ടാകും. സ്വയം വാങ്ങി തിന്നുന്നതിനപ്പുറം മറ്റുള്ളവരെ സത്‌കരിക്കുന്നതിലും തല്‍പരനായിരുന്നു അന്നും. അങ്ങനെ സ്വരൂപിച്ചെടുത്തതാണ്‌ പിന്നീടുള്ള സൗഹൃദങ്ങള്‍.

പത്താം ക്ലാസിലെ സയന്‍സ്‌ പരീക്ഷാദിവസമായിരുന്നു അഞ്ചുരൂപ കിട്ടിയത്‌. പരീക്ഷ ഉച്ചയ്‌ക്കുശേഷം. എങ്കില്‍പ്പിന്നെ എറണാകുളത്തു പോയി സിനിമ കണ്ടുകളയാമെന്നു തീരുമാനിക്കാന്‍ ഉണ്ണിമേനോന്‌ അധികനേരം വേണ്ട.

എറണാകുളത്ത്‌ അതിരാവിലെ എത്തി സിനിമയും കണ്ട്‌ തൃശൂരിലെത്തി മസാലദോശയും റോസ്‌മില്‍ക്കും കുടിച്ച്‌ സ്‌കൂളിലെത്തിയപ്പോഴേക്കും പരീക്ഷ തുടങ്ങി അരമണിക്കൂര്‍ പിന്നിട്ടിരിക്കുന്നു. പരീക്ഷയെഴുതാന്‍ പറ്റില്ല. എങ്കിലും ഹാളിലേക്ക്‌ നടന്നു. ചാവക്കാടുള്ള അധ്യാപകന്‍ ഉണ്ണിമേനോനെ കണ്ടതും പരീക്ഷയ്‌ക്ക്‌ കയറ്റുകയും ചെയ്‌തു. പരീക്ഷയെഴുതാന്‍ പറ്റിയെങ്കിലും സയന്‍സില്‍ അമ്പേ പരാജയം. പക്ഷേ അവിടെയും തോറ്റില്ല. രണ്ടാംവട്ടം എഴുതി ജയിച്ച്‌ പ്രീഡിഗ്രി കഴിഞ്ഞ്‌ പഠിക്കാന്‍ തെരഞ്ഞെടുത്ത വിഷയവും സയന്‍സ്‌ തന്നെയായിരുന്നു.

കേരളവര്‍മ്മ കോളേജിലെ വാസുമാഷായിരുന്നു സയന്‍സ്‌ ഗ്രൂപ്പ്‌ എടുക്കാനുള്ള നിര്‍ദ്ദേശം നല്‍കിയത്‌. ആ കാലത്തും പരീക്ഷ ഒരു വില്ലനായിത്തന്നെ എത്തി. ഒന്നാം വര്‍ഷ പരീക്ഷ എഴുതിക്കൊണ്ടിരിക്കെ ജോര്‍ജ്ജ്‌(തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തില്‍ ബസ്‌ മുതലാളിയും സുഹൃത്തുമായ ബാബുവില്ലേ?! അതുതന്നെ കക്ഷി. യഥാര്‍ത്ഥപേര്‌ ജോര്‍ജ്ജ്‌.) എന്ന സുഹൃത്ത്‌ അവന്റെ ബുള്ളറ്റെടുത്തുവന്ന്‌ പരീക്ഷാഹാളിനു പുറത്തുനിന്ന്‌ ഹോണടിച്ചു. അത്‌ അത്ര വലിയ വിഷയമായില്ല. പക്ഷേ, ഹോണടി ശബ്‌ദം കേട്ടപ്പോള്‍ ഉണ്ണിമേനോന്‌ പരീക്ഷാ ഹാളില്‍ ഇരിപ്പുറച്ചില്ല. പരീക്ഷ വേണേല്‍ അടുത്ത തവണയും എഴുതാം, ഏഷ്യന്‍കപ്പ്‌ ഇന്നത്തേത്‌ പിന്നീട്‌ കാണാന്‍ പറ്റില്ല എന്ന തിരിച്ചറിവില്‍ പരീക്ഷാഹാളില്‍ നിന്നും, പരീക്ഷ തുടങ്ങി അരമണിക്കൂറിനകം ഉണ്ണിമേനോന്‍ ഇറങ്ങി. ഉത്തരക്കടലാസ്‌ വാങ്ങാന്‍ കൂട്ടാക്കാത്ത മാഷിനെ കൂട്ടാക്കാതെ ഉണ്ണിമേനോന്‍ പരീക്ഷാഹാളില്‍ നിന്ന്‌ ഇറങ്ങുകതന്നെ ചെയ്‌തു. അത്‌ ആകെ പ്രശ്‌നമായി കോളേജാകെ ചര്‍ച്ച ചെയ്‌തു. നിര്‍ബന്ധിത ടിസി നല്‍കി, ഉണ്ണിമേനോന്‍ കോളേജിന്‌ പുറത്ത്‌.

പിറ്റേദിവസം കറുത്തമുണ്ടുമുടുത്ത്‌, ``ഞാന്‍ നന്നായിരിക്കുന്നു'' എന്നൊരു പ്രഖ്യാപനം അഭിനയിക്കുന്ന മുഖവുമായി പ്രിന്‍സിപ്പലിന്റെ അടുത്തേക്ക്‌. സങ്കടത്തോടെ കാര്യം പറഞ്ഞു. എങ്കില്‍ ഇനി സയന്‍സ്‌ വേണ്ട, മലയാളസാഹിത്യം പഠിച്ചോളൂ എന്നായി പ്രിന്‍സിപ്പല്‍. കേരളവര്‍മ്മയിലെ വിലസലുകള്‍ അങ്ങനെ പിന്നെയും തുടര്‍ന്നു.

ഇതിനിടയില്‍ പ്രീഡിഗ്രികാലത്തെ ഒരു സംഭവം കൂടി പറയാം.

കഥ കോളേജിലല്ല, വീട്ടിലാണ്‌ ആരംഭിക്കുന്നത്‌. വീട്ടിലെ കാര്‍ തകരാറായി. മെക്കാനിക്കെത്തി ശരിയാക്കല്‍ തുടങ്ങി. മെക്കാനിക്കിന്‌ കൊടുക്കാനും കാറിന്റെ സ്‌പെയര്‍പാര്‍ട്‌സുകള്‍ വാങ്ങാനുമായി ഒരു തുക ബാങ്കില്‍ നിന്ന്‌ എടുക്കാനായി ഒപ്പിട്ട ചെക്ക്‌ നല്‍കി ഉണ്ണിമേനോനെ വീട്ടില്‍ നിന്നും ഗുരുവായൂരേക്ക്‌ പറഞ്ഞുവിട്ടു.

ഗുരുവായൂരിലെത്തി ചെക്ക്‌ മാറി പണമാക്കിയപ്പോള്‍ ഒരു തോന്നല്‍; തൃശൂരില്‍ പോയി ഒരു മസാലദോശയും കഴിച്ച്‌ വന്നാലോ?

പിന്നെ ആലോചിച്ചില്ല, നേരെ തൃശൂരേക്ക്‌. മസാലദോശ കഴിക്കാന്‍ ബസിറങ്ങി നടക്കുമ്പോള്‍ മുന്നില്‍ മരക്കാര്‍ മോട്ടോഴ്‌സ്‌ ഷോറൂം. അകത്തേക്ക്‌ ഒന്ന്‌ നോക്കിയപ്പോള്‍, കോളേജിന്റെ മുന്നില്‍ വന്ന്‌ ജോര്‍ജ്ജ്‌ തലയെടുപ്പോടെ നില്‍ക്കുന്ന ബുള്ളറ്റിനെയാണ്‌ കണ്ടത്‌. വെറുതെയൊന്ന്‌ കയറി.

``എന്താ ഇതിന്റെ വെല?''

``ആവശ്യുള്ള കാര്യം ചോദിച്ചാപ്പോരേ? വെറുതെ ഓരോന്ന്‌...'' ഷോറൂമിലുള്ള കടക്കാരന്‌ ഒരു മതിപ്പുണ്ടായില്ല. അയാളുടെ മുഖത്തൂടെ നോട്ടുകെട്ടുകള്‍ ഊര്‍ന്നുവീഴുമ്പോഴാണ്‌ ശരിക്കും അയാളും ഞെട്ടിയത്‌. അപ്പോഴേക്കും ഫാനിട്ടുനല്‍കി, സിഗരറ്റ്‌ എടുത്തുനീട്ടി.

``ഇതിലൊന്ന്‌ എനിക്കു വേണം. ആവശ്യമുള്ള കാശ്‌ എടുത്ത്‌ ബാക്കി ഇങ്ങ്‌ താ...'' ഉണ്ണിമേനോന്റെ സംസാരം കേട്ട്‌ മുഖത്തേക്കും ബുള്ളറ്റിലേക്കും മാറിമാറി നോക്കിക്കൊണ്ടിരുന്നു കടയുടമ. ഉടനെ ബില്ലാക്കി, പണമെടുത്ത്‌ ബാക്കി പണം തിരികെ നല്‍കി. അപ്പോള്‍ മറ്റൊരു പ്രശ്‌നം; ഓടിക്കാന്‍ അറിയില്ല. പുറത്ത്‌ നില്‍ക്കുന്ന ലോഡിംഗ്‌ തൊഴിലാളിയെ വിളിച്ച്‌ ബൈക്കുമായി നാട്ടിലേക്ക്‌ തിരിച്ചു. ചിറ്റിലപ്പിള്ളിയെത്തിയപ്പോള്‍ ബൈക്ക്‌ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. അഞ്ചു രൂപ നല്‍കി തൊഴിലാളിയെ മടക്കി അയച്ചു. ചിറ്റിലപ്പിള്ളി ഗ്രൗണ്ടില്‍ ഓടിച്ച്‌ ഉണ്ണിമേനോന്‍ മിനിട്ടുകള്‍ക്കകം ബൈക്ക്‌ ഓടിക്കാന്‍ പഠിച്ചു. ബുള്ളറ്റുമായി നേരെ വീട്ടിലേക്ക്‌

സൗഹൃദത്തിന്റെ വേലിപ്പടര്‍പ്പുകള്‍ ലഹരിയായി പടര്‍ന്നു പിടിച്ച കാലത്താണ്‌ റേഡിയോ അനൗണ്‍സറായി അവിടേക്ക്‌ പത്മരാജന്‍ എത്തുന്നത്‌. അച്ഛന്റെ വാതചികിത്സയ്‌ക്കായി ആട്ടിന്‍തല അന്വേഷിച്ചിറങ്ങുന്ന, ചൂടില്‍, `ഒരു നാരങ്ങാവെള്ളം കാച്ചിയാലാ?' എന്നു ചോദിക്കുന്ന, നാരങ്ങാവെള്ളത്തില്‍ ഐസില്ലെങ്കില്‍ കടക്കാരനോട്‌ ചൂടാകുന്ന, ഏതുവഴിയിലും സൗഹൃദത്തണലുള്ള ഉണ്ണിമേനോനെ പത്മരാജന്‍ പരിചയപ്പെടുന്നത്‌. ബിയര്‍ കടിച്ചു തുറക്കുന്ന, കുടിച്ചുതീര്‍ന്നാല്‍ ചുമരിലേക്ക്‌ എറിഞ്ഞ്‌ പൊട്ടിക്കുന്ന ബസ്‌ മുതലാളി ജോര്‍ജ്ജിനെയും, ഒരു സിനിമാക്കളി പോലെ ഉണ്ണിമേനോന്റെ വിലസലുകളെ ആസ്വദിക്കുന്ന ഡേവിസേട്ടനെയും ഒക്കെ പരിചയപ്പെടുന്നത്‌. ഉണ്ണിമേനോന്റെ സൗഹൃദക്കൂട്ടങ്ങളില്‍ ചേക്കേറി ചില്ലകളിലല്ലാതെ കൂടൊരുക്കി. രാധാലക്ഷ്‌മിയുമായുള്ള പ്രണയത്തെക്കുറിച്ച്‌ ഉണ്ണിമേനോനോട്‌ പത്മരാജന്‍ മനസു തുറന്നു.

``അതാ വിട്ടേ... നമുക്കതൊക്കെ ശരിയാക്കാന്ന്‌...'' എന്നൊരു ആശ്വാസം ഉണ്ണിമേനോനില്‍ എല്ലാ സൗഹൃദക്കൂട്ടങ്ങളും കണ്ടെത്തിയിരുന്നു. സൗഹൃദലഹരി മയക്കത്തിലേക്ക്‌ കടക്കുമ്പോഴേക്കും `ഒരു മുങ്ങലാ മുങ്ങി' ഉണ്ണിമേനോന്‍ പെരുവല്ലൂരെത്തും. എല്ലാത്തിനൊടുവില്‍ അഭയസ്ഥാനം ജയകൃഷ്‌ണന്റെ മണ്ണാറത്തൊടിയും മണ്ണും പോലെ പെരുവല്ലൂരായിരുന്നു ഉണ്ണിമേനോന്‌.

കോളേജ്‌ കാലത്ത്‌ ഉണ്ണിമേനോന്‌ ഒരു പ്രണയമുണ്ടായിരുന്നു. നീണ്ട കണ്ണുകളും വട്ടമുഖവുമുള്ള ജയകൃഷ്‌ണന്റെ രാധയെപ്പോലെ ഒരു പെണ്‍കുട്ടി.

അപ്പോള്‍ ക്ലാരയോ?

പ്രീമിയര്‍ ലോഡ്‌ജിന്റെ വാതില്‍ക്കല്‍ നില്‍ക്കുന്ന ഏതോ ബ്രോക്കറുടെ മുഖമായിരുന്നു ബ്രോക്കറായ തങ്ങള്‍ക്ക്‌. ബ്രോക്കറുടെ കൂടെ രാത്രി തേടിയിറങ്ങുന്ന കൊലുന്നനെയുള്ള ഏതോ പെണ്‍കുട്ടിയായിരിക്കണം ക്ലാര. പത്മരാജന്റെ ഭാവനയില്‍ സമ്പുഷ്‌ടമാകാന്‍ സാധിച്ച ഏതോ ഭാഗ്യവതി. പേരില്ലാത്ത അവള്‍ക്ക്‌ അക്ഷരം കൊണ്ട്‌ പത്മരാജന്‍ ഒരുക്കിയ പേരായിരിക്കണം ക്ലാര.

ഉണ്ണിമേനോന്‌ ആ പെണ്‍കുട്ടിയുമായി ബന്ധമില്ല. ജീവിതത്തില്‍ ഉള്ളില്‍തട്ടി പ്രേമം തോന്നിയ ഒരേയൊരു പെണ്ണിനുമാത്രമേ ഉണ്ണിമേനോന്‍ സ്വയം സമര്‍പ്പിച്ചിട്ടുള്ളു.. ഇന്ന്‌ ഭാര്യയായിത്തീര്‍ന്ന ഉഷ തന്നെയായിരുന്നു അന്നത്തെ ആ പെണ്‍കുട്ടി.

സൗഹൃദങ്ങളിലേക്കെത്താനുള്ള വെമ്പലായിരുന്നു അന്നും. വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ സൗഹൃദങ്ങള്‍ പല വഴിതിരിഞ്ഞു. അതോടെ ജോലിതേടി ഉണ്ണിമേനോന്‍ ഗള്‍ഫിലേക്ക് പോയി

ദുബായില്‍ ജോലി ചെയ്യുന്ന കാലത്താണ്‌ പത്മരാജന്റെ കത്ത്‌ വരുന്നത്‌. ഉദകപ്പോള എന്ന കഥയെക്കുറിച്ചും അതിലെ ഉണ്ണിമേനോന്റെ ജീവിതത്തെക്കുറിച്ചുമുള്ള കഥ. ഉദകപ്പോള കഥയായിത്തന്നെ വായിച്ചു. പിന്നീട്‌ തൂവാനത്തുമ്പികള്‍ ഇറങ്ങിയപ്പോള്‍ ദുബായി സിനിമാസില്‍ പോയി തന്റെ തന്നെ ജീവിതവും , ജോര്‍ജും , തങ്ങളും , ഉള്‍പ്പെടെയുള്ള സൗഹൃദങ്ങളെയും സ്ക്രീനില്‍ നേരിട്ട് കാണ്ടു ഉണ്ണിമേനോന്‍

പത്മരാജനുമായുള്ള ആ സ്‌നേഹബന്ധം പത്മരാജന്റെ മരണംവരെയും ഉണ്ണിമേനോന്‍ സൂക്ഷിച്ചു.

ഇരുപതുവര്‍ഷത്തെ പ്രവാസജീവിതത്തിനൊടുവില്‍ നാട്ടിലേക്കൊരു മടക്കയാത്ര. തൃശൂര്‍ നഗരം ഇപ്പോഴും സൗഹൃദങ്ങളുടെ താഴ്‌വരയായിത്തന്നെ നില്‍ക്കുന്നു. ``നുമ്മക്ക്‌ ഓരോ നാരങ്ങാവെള്ളം കാച്ചിയാലാ?'' എന്നൊരു സ്‌നേഹവിളിയോടെ ഓരോ സായാഹ്നശാലകളും കാത്തിരിക്കുന്നുണ്ട്‌. പത്തന്‍സില്‍ ഇപ്പോഴും അതേ രുചിയില്‍ മസാലദോശ വിളമ്പുന്നുണ്ട്‌.

ആഘോഷങ്ങള്‍ക്കൊടുവില്‍ ഒറ്റയായിപ്പോകുന്ന നിമിഷങ്ങള്‍പോലെ പുതിയേടത്ത്‌ ഉണ്ണിമേനോന്‍ പടിഞ്ഞാറെ കോട്ടയിലെ വീടിന്റെ ഉമ്മറപ്പടിയില്‍ നില്‍ക്കുന്നു, പിന്നില്‍ ഒരു നിഴല്‍പോലെ ഭാര്യ ഉഷയും

 കടപ്പാട് :- ചരിത്രാന്വേഷികൾ

Leave a comment

Make sure you enter the (*) required information where indicated. HTML code is not allowed.

Bingo sites http://gbetting.co.uk/bingo with sign up bonuses

Thrissur

Banner 468 x 60 px